
ബംഗളുരു: ഡിആർഐയെ കൂടാതെ ഇഡിയും സിബിഐയും അന്വേഷിക്കുന്ന വളരെ പ്രധാനപ്പെട്ട കേസ്സാണ് സിനിമാനടി രന്യറാവു മുഖ്യപ്രതിയായ സ്വർണ്ണക്കടത്ത്. ഏജൻസികൾ അന്വേഷണം ശക്തിപ്പെടുത്തുമ്പോൾ ജാമ്യത്തിലിറങ്ങാൻ കഠിനശ്രമം നടത്തുകയായിരുന്നു അധികാരത്തിന്റെ ഉന്നതങ്ങളിൽ സ്വാധീനമുള്ള രന്യറാവുവും തരുൺ രാജ്, സാഹിൽ ജെയിൻ എന്നീ സഹായികളും. ഒരു തെലുഗു സിനിമയിൽ നായകവേഷം ചെയ്തിട്ടുള്ള വ്യവസായിയായ തരുൺ രാജ് രന്യയുടെ അടുത്ത സുഹൃത്താണ്. യു എസ് പാസ്സ്പോർട്ടുള്ള തരുൺ ആണ് ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങാൻ രന്യയെ സഹായിച്ചിരുന്നത്. ബംഗളുരുവിൽ സ്ഥിര താമസക്കാരനായ ബെല്ലാരി സ്വദേശിയായ സ്വർണ്ണവ്യാപാരി സാഹിൽ ജെയിനാണ് ഹവാല വഴി സ്വർണ്ണം വാങ്ങാനുള്ള പണം ദുബായിലെത്തിക്കാൻ രന്യയെ സഹായിച്ചതും അവർ ഗ്രീൻ ചാനൽ വഴി കടത്തിക്കൊണ്ടുവന്ന സ്വർണ്ണം വിറ്റുകൊടുത്തതും. സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രന്യയും സഹായികളും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയിരുന്നു. അതിനിടെ സി ഇ ഐ ബി( സെൻട്രൽ എക്കണോമിക് ഇന്റലിജൻസ് ബ്യുറോ) ശുപാർശ പ്രകാരം പ്രതികളുടെ പേരിൽ കൊഫെപാസയും ചുമത്തിയിരുന്നു. ഈ വകുപ്പുപ്രകാരം കേസെടുത്താൽ ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ല. ഹൈക്കോടതിയും രന്യറാവുവിന്റെയും സഹായികളുടെയും ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. കർണാടക ഡിജിപി കെ രാമചന്ദ്രറാവു രന്യയുടെ രണ്ടാനച്ഛനാണ്. അദ്ദേഹത്തിന്റെ സ്വാധീനമുപയോഗപ്പെടുത്തിയാണ് രന്യ ഗ്രീൻ ചാനൽ വഴി സ്വർണ്ണം കടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. രാമചന്ദ്രറാവുവിനോട് അവധിയിൽ പോകാൻ നിർദ്ദേശിച്ച കർണാടക ഗവണ്മെന്റ് പ്രോട്ടോകോൾ ദുരുപയോഗത്തെ പറ്റി അന്വേഷണം നടത്തിവരികയാണ്.
Photo Courtesy - Cofepassa also filed against Ranya Rao and his associates; it is difficult to get bail











